നെടുങ്കണ്ടം (ഇടുക്കി) ∙ താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച മദ്യ ലഹരിയായ രോഗി അക്രമാസക്തനായി ഡോക്‌ടർമാരെയും നഴ്‌സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അടിപിടിയിൽ പരുക്കേറ്റ നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
അതേസമയം പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു. അക്രമസാഹചര്യം കണ്ട് ഡോക്ടർമാരടക്കമുള്ളവർ മാറിനിന്ന്, സുരക്ഷയൊരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ കെട്ടിയിട്ടാണ് ചികിത്സ നൽകിയത്.
നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത് കേരളം ഞെട്ടലോടെയാണു കേട്ടത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
