ബംഗളൂരു: കര്‍ണാടകയിലെ മടിക്കേരിയില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് 16കാരിയെ കൊന്നശേഷം തലയുമായി കടന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഒളിവില്‍പ്പോയ പ്രകാശിന്റെ (32) മൃതദേഹം ഹമ്മിയാലയില്‍ നിന്ന് കണ്ടെത്തി. മരിച്ച പെണ്‍കുട്ടിയുടെ തലയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രകാശിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു പ്രകാശ്. എന്നാല്‍ ബാലാവകാശ വകുപ്പ് ഇടപെട്ട് ഈ കല്യാണം റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസ്സ് ആകുന്നതു വരെ കല്യാണം നീട്ടിവയ്ക്കാന്‍ ഇരുകുടുംബങ്ങളും ബാലാവകാശ വകുപ്പിന്റെ ഇടപെടലില്‍ തീരുമാനിച്ചിരുന്നു.