സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. തുറക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ കര്‍ശന പരിശോധനയുണ്ടാകും.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറന്ന് പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമേ സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കടകൾ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ വില്‍ക്കുന്ന കടകള്‍, പുസ്തകക്കടകൾ തുടങ്ങിയവക്കും പ്രവര്‍ത്തനാനുമതിയുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് പ്രവര്‍ത്തന സമയം.അതേസമയം, ശനിയും ഞായറും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായിരിക്കും നിയന്ത്രണങ്ങള്‍. ഹോട്ടലുകളിൽ നിന്നുള്ള ടേക്ക് എവേ / പാഴ്സലുകൾ 12, 13 (ശനി, ഞായർ) തീയതികളിൽ അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നതിന് മാത്രമാണ് ഈ ദിവസങ്ങളിൽ ഹോട്ടലുകൾക്ക് അനുമതിയുണ്ടാവുക.
കർശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ 12, 13 തീയതികളിൽ അനുവദനീയമാണ്. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്ത് ജൂണ്‍ 16 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 15 ശതമാനത്തിന് താഴെ എത്തിയെങ്കിലും വലിയൊരു കുറവ് ഉണ്ടായിട്ടില്ല. മലപ്പുറത്തെ തീവ്ര രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ നിലവില്‍ പ്രതിദിന കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്താണ്.
