സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പരോക്ഷമായി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടന്ന കെജിഒഎ സംസ്ഥാന സമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട’- മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ പരാമര്‍ശങ്ങളില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. പിന്നില്‍ ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഇതെല്ലാം പറഞ്ഞത്കൊണ്ട് അങ്ങനെ ഇളക്കി കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതക്ക് ചേര്‍ന്നതാണോ ചെയ്യുന്നതെന്ന് ചിന്തിക്കണം. ആരും തിരുത്താന്‍ വരുന്നില്ല. സ്വയം തിരുത്തിയാല്‍ മതി’ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
നമ്മുടെ രാജ്യത്ത് വര്‍ഗീയതയുട ഒട്ടേറെ അടയാളങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ആ അടയാളങ്ങള്‍ എടുത്ത് അണിയാന്‍ മതനിരപേക്ഷമെന്ന് പറയുന്ന ചിലരെങ്കിലും ഇന്നത്തെ കാലത്ത് വല്ലാത്ത താത്പര്യം കാണിക്കുന്നുണ്ട്. അതിലൂടെ മതനിരപേക്ഷത സംരക്ഷിക്കുകയല്ല അവര്‍ ചെയ്യുന്നത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണ് അവര്‍ ചെയ്യുന്നത്. വര്‍ഗീയതയുമായി യോജിക്കാന്‍ തയ്യാറായാല്‍, സമരസപ്പെടാന്‍ തയ്യാറായാല്‍ അതിനെ പ്രോത്സാഹിപ്പിക്കലായി മാറും. താത്കാലിക ലാഭത്തിനായി വര്‍ഗീയ ശക്തിയുമായി കൂടാം എന്ന് വിചാരിച്ചാല്‍ നാടിനും രാജ്യത്തിന് ആപത്തേ ഉണ്ടാക്കൂ.
ഇന്ന് വര്‍ഗീയത ഏറ്റവും കൊടിക്കുത്തി വാഴുന്ന പ്രദേശങ്ങള്‍ നേരത്തേ മതനിരപേക്ഷമെന്ന് അവകാശപ്പെടുന്നവര്‍ക്ക് നിറഞ്ഞ സ്വാധീനമുള്ളവയായിരുന്നു. എങ്ങനെ ഇവിടങ്ങള്‍ വര്‍ഗീയതയ്ക്ക് വിള നിലമായി മാറി. മതനിരപേക്ഷത ശക്തിപ്പെട്ട് നില്‍ക്കുന്ന കാലത്തും അവിടെ വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വര്‍ഗീയ ശക്തികള്‍ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ മതനിരപേക്ഷരെന്ന് ആവകാശപ്പെടുന്നവര്‍, വര്‍ഗീയ ശക്തികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളോടൊപ്പം നിന്നു. മൃദുവായ സമീപനം, അതിനെ തൊട്ടും തലോടിയും പോകല്‍ അതിനെതിരെ നടപടിയെടുക്കാതിരിക്കല്‍. മതനിരപേക്ഷമെന്ന് അവകാശപ്പെടുന്നവര്‍ അവകാശവാദത്തില്‍ ഒതുങ്ങി. അവരുടെ കൂടെ നില്‍ക്കുന്നവര്‍ വര്‍ഗീയതെ എതിര്‍ക്കേണ്ടതില്ലെന്ന്, അത് സ്വീകാര്യമായ ഒന്നാണ് എന്ന ചിന്തയിലേക്ക് മാറി.
രാജ്യത്ത് എല്ലാവരും കാണ്‍കെ വര്‍ഗീയത ശക്തിപ്പെട്ടിരിക്കുന്നു. അവര്‍ ഭരണത്തിലേക്ക് എത്തിയിരിക്കുന്നു. ഇനിയെങ്കിലും തങ്ങള്‍ക്ക് പണ്ട് പറ്റിപ്പോയത് അബദ്ധമാണെന്ന് അംഗീകരിക്കുന്നുണ്ടോ. ഇപ്പോഴെങ്കിലും ഇതിനെ ശക്തമായി എതിര്‍ത്ത് പോകണം എന്ന് ചിന്തിക്കുന്നുണ്ടോ.
ഇപ്പോള്‍ കേന്ദ്രമന്ത്രിമാരില്‍, എംപിമാരില്‍, സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരില്‍ വലിയൊരു ഭാഗം നേരത്തേ മതനിരപേക്ഷമാണ് എന്ന് പറഞ്ഞ് നിലനിന്ന സംസ്ഥാന- അഖിലേന്ത്യാ നേതാക്കളാണ് എന്ന് കാണണം. എണ്ണി പറയുന്നില്ല ആരുടേയും പോരൊന്നും. പക്ഷേ നാടിന്റെ ദുരനുഭവമാണത്. തഞ്ചംകിട്ടിയാല്‍ ചാടും എന്ന നിലയിലാണ് മതനിരപേക്ഷമാണ് എന്ന് പറയുന്ന വിഭാഗത്തിന്റെ കൂടെ നില്‍ക്കുന്ന ആളുകള്‍. അനുഭവത്തില്‍ നിന്നും പഠിക്കുന്നുണ്ടോ?
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത് ജനങ്ങളെ വലയ്ക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെയാണ് പൊലീസ് അടച്ചത്. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയായിരുന്നു പൊലീസ് നടപടി.
വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
