പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡർ വ്യക്തികളെ പൊലീസ് മർദിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളി‌ൽ‌ കറുത്ത മാസ്കിനും വിലക്കുണ്ട്.കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകയുടെ മാസ്‌ക് സംഘാടകര്‍ നിര്‍ബന്ധിച്ച് മാറ്റിച്ചു. പകരം ധരിക്കാനായി മാധ്യമപ്രവര്‍ത്തകയ്ക്ക് നീല മാസ്‌ക് സംഘാടകര്‍ നല്‍കി.

പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചപ്പോള്‍ മാസ്‌ക് മാറ്റാന്‍ സംഘാടകര്‍ അറിയിച്ചതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയായതിനാല്‍ കറുത്ത മാസ്‌ക് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു.പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് തടഞ്ഞത്‌. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്‌റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചോദിക്കുന്നു.അതേസമയം പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്.എറണാകുളം പുത്തൻപാലത്ത് കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *