പുല്പള്ളി: വയനാട് ജില്ലയിൽ കാട്ടാന പേടി ഒഴിയുന്നില്ല. കാട്ടാനയെ തുരത്താൻ നേരത്തെ സജ്ജീകരിച്ചിരുന്ന ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങൾ തകർന്ന നിലയിലാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകളാണ് കാട്ടാന കവർന്നത്.
കാട്ടിക്കുളത്ത് വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പുളിമൂട്‌കുന്ന് മിച്ചഭൂമിയിലെ രാജു എന്നയാൾ ഇന്നലെ മരച്ചിരുന്നു. വനംവകുപ്പിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് രാജുവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
ജനവാസ കേന്ദ്രത്തിലേക്കിറങ്ങി കാട്ടാനകള്‍ മനുഷ്യജീവനുകള്‍ എടുക്കുമ്പോഴും അടിയന്തര നടപടികള്‍ കൈക്കൊള്ളാൻ വനം മന്ത്രിയോ മറ്റ് ബന്ധപ്പെട്ട അധികൃതരോ തയ്യാറാകുന്നില്ല എന്ന് നാട്ടുകാർ ആരോപിച്ചു.
