ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു യുജിസി സുപ്രീം കോടതിയിൽ ഹർജി നൽകി. പ്രിയാ വർഗീസിന് അനുകൂലമായുള്ള വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രിയയുടെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധിയാണ് യുജിസി ചോദ്യം ചെയ്യുന്നത്. 2018-ലെ യുജിസി ചട്ടം നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് യുജിസിയുടെ പ്രധാനവാദം.
ചട്ടപ്രകാരം നിഷ്കർഷിക്കുന്ന അധ്യാപന പരിചയത്തിൽ, പാഠ്യേതര രംഗത്തെ അവരുടെ ജോലികൾ പരിഗണിക്കാനാകില്ലെന്നും യുജിസി വാദിക്കുന്നു.
കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും യുജിസി ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുജിസി ഹർജി നൽകും മുൻപു തന്നെ പ്രിയ വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേൾക്കാതെ ഇവയിൽ ഉത്തരവ് പുറപ്പടുവിക്കരുതെന്നു വ്യക്തമാക്കിയാണ് പ്രിയ ഹർജി നൽകിയിരിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല. സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമത്തിനുള്ള റാങ്ക് പട്ടികയിൽ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തേ വിധിച്ചത്. ഇതാണു പിന്നീടു ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
