കോഴിക്കോട് ജില്ലയിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥി ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപികയുടെ വാട്സാപ്പ് സ്വന്തം ഫോണിലേക്ക് റീ-രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതി വിദ്യാർത്ഥിയാണെന്ന് മനസിലായതോടെ പരാതി പിൻവലിച്ച് അധ്യാപിക.
ഓൺലൈൻ ക്ലാസിലെ ആവശ്യത്തിനായി അധ്യാപിക തന്റെ മൊബൈൽ സ്ക്രീൻ വിദ്യാര്‍ത്ഥികളുമായി ഷെയർ ചെയ്തിരുന്നു. അധ്യാപികയുടെ മൊബൈൽ ഫോൺ സ്ക്രീൻ പൂർണമായും കാണാൻ സാധിച്ചതോടെയാണ് വിദ്യാർത്ഥി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.
സ്ക്രീൻ ഷെയർ ചെയ്താൽ മൊബൈലിൽ വരുന്ന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കും കാണാൻ സാധിക്കുമെന്ന് മനസിലാക്കിയ വിദ്യാർത്ഥി അധ്യാപികയുടെ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്സാപ്പ് ആരംഭിക്കുകയായിരുന്നു. ടു സ്റ്റെപ് വേരിഫിക്കേഷൻ പോലെയുള്ള സുരക്ഷകളൊന്നും അധ്യാപികയുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നില്ല.
ക്ലാസ് പൂർത്തിയായതിന് ശേഷമാണ് അധ്യാപിക സ്വന്തം വാട്സാപ്പ് നോക്കിയത്. ഇത് ലഭ്യമാവാതിരുന്നതോടെ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് മനസിലായി. കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശിയായ അധ്യാപിക ഉടൻ സൈബർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയുടെ കരവിരുത് പുറത്താവുന്നത്. തനിക്ക് പ്രിയ്യപ്പെട്ട വിദ്യാർത്ഥികളിലൊരാളാണ് തെറ്റുകാരനെന്ന് മനസിലാക്കിയപ്പോൾ അധ്യാപിക പരാതി പിൻവലിച്ചു. വാട്സാപിൽ ആറക്ക പാസ്‌വേഡ് ഉപയോഗിച്ചിരുന്നെങ്കിൽ സുരക്ഷാ വീഴ്ച്ച സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു.