ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത് .മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്ത് മൊഴി നല്‍കിയെന്ന് കസ്റ്റംസ് അറിയിച്ചു . കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. 2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്കായി ഡോളര്‍ അടങ്ങിയ പാക്കറ്റ് സരിത്തിന് നല്‍കിയത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ്. സരിത്ത് കോണ്‍സുലേറ്റില്‍ ഏര്‍പ്പിക്കുന്നതിന് മുമ്പ് പൊതി സ്‌കാന്‍ ചെയ്തു. ഡോളര്‍ കണ്ടതായി സരിത്ത് തന്നോട് പറഞ്ഞെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തി. വിദേശത്ത് മുഖ്യമന്ത്രിക്ക് പൊതി കൈമാറിയത് നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഖേനയാണെന്നും സ്വപ്‌ന പറഞ്ഞതായി കസ്റ്റംസ് സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊ്ണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഹരികൃഷ്ണനിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസുലേറ്റിൽ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാൻ കൗതുകം തോന്നി. കോൺസുലേറ്റിൽ സ്കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്‍റെ മൊഴി.

ഇക്കാര്യം സരിത്ത് പറഞ്ഞുവെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പുറമേ മറ്റാരെങ്കിലും ഡോളര്‍ കടത്തിയോ എന്ന ചോദ്യത്തിനാണ്, മുഖ്യമന്ത്രിയും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കിയതെന്ന് കസ്റ്റംസ് പറയുന്നു. ഇക്കാര്യത്തില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചതായി കസ്റ്റംസിന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *