കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നാളെ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും.

സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ തന്നെ ജെയ്ക്കിന്റെ പേരിനാണ് മുൻതൂക്കം ഉണ്ടായിരുന്നത്. സി പി ഐ എമ്മിന്റെ പുതുപ്പള്ളിയിലെ എട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദേശിച്ചത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണം. ഉമ്മൻചാണ്ടിയുടെ മരണംമൂലമുള്ള സഹതാപമുണ്ടെങ്കിലും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങണമെന്നും പാർട്ടിയിൽ അഭിപ്രായം വന്നു. ജെയ്ക് സി തോമസ് മുൻ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ കാഴ്ചവെച്ച ശക്തമായ പോരാട്ടവും പാർട്ടിയിൽ ചർച്ചയായി. അദ്ദേഹത്തിനുള്ള സാമുദായികപിന്തുണയും പരിഗണിക്കേണ്ടതാണെന്നും അഭിപ്രായം ഉയർന്നിരുന്നു.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയാണ് ജെയ്ക്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് പുതുപ്പള്ളിയിൽ നടന്നത്. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ല്‍ പരാജയപ്പെട്ടത് 9044 വോട്ടിനാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം അത്രയധികം താഴ്ത്താനായത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *