കോഴിക്കോട് ചേവരമ്പലത്ത് കൂട്ടബലാത്സംഗം നടന്ന ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികൾക്ക് ലോഡ്‍ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോഡ്‍ജിന്‍റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും വ്യക്തമായതിനെ തുടർന്നാണ് പൊലീസ് ലോഡ്‍ജ് അടച്ചുപൂട്ടിയത്. പ്രദേശവാസികളില്‍ നിന്നടക്കം പീഡനം നടന്ന ലോഡ്‍ജിനെതിരെ പ്രതിഷേധം ശക്തമാണ്.
മൂന്നും നാലുംപ്രതികളായ ലിജാസിനെയും ഷുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് രാവിലെ പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികളായ അജ്നാസും ഫഹദും ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ ഇതുവരെ കേസിൽ പ്രതിചേർത്ത നാലുപേരും അറസ്റ്റിലായി. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്.
