രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. പാറശാലയിൽ നിന്നാണ് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ് രാഹുൽ പദയാത്രയ്ക്ക് ആഹാരംഭം കുറിച്ചത്. പദയാത്രയിൽ ശശി തരൂരും പങ്കെടുക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ രാഹുലിന്റെ യാത്രയ്ക്ക് സ്വീകരണം നൽകി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേർന്നു.

രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോവുക.

കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെയുമായി പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28, 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കും.

ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും നേതൃത്വത്തില്‍ നടന്ന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *