ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷി (45) ന്റെ മൃതദേഹമാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. അച്ചൻകോവിലാറിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ചെറുകോൽ മനാശെരിൽ വിനീഷ്, ചെന്നിത്തല സ്വദേശി,വൃന്ദാവനത്തിൽ രാഗേഷ്, എന്നിവർ ഉൾപ്പെടെ 4 പേരെയാണ് അപകടത്തിൽപെട്ടത്. ചെന്നിത്തല തെക്ക് പരിയാരത്ത് ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിയിൽ വിനീഷ് (38) എന്നിവരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെന്നിത്തല വൃന്ദാവനത്തിൽ രാകേഷിന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമാണ് ചെന്നിത്തല പള്ളിയോടമെന്നാണ് വിവരം. ഇതിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു.നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം നടന്നത്.