കണ്ണൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കർമപദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ഇതിനകം തന്നെ സർക്കാർ ഏകോപിതമായ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേർന്നിരുന്നു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.