ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും നാളെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. അതിതീവ്രമഴയാണ് പ്രവചിച്ചിട്ടുള്ളത്. മധ്യപ്രദേശിൽ പതിനാലാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രളയ സാധ്യതയും വെള്ളക്കെട്ടും മുന്നിൽകണ്ട് അവശ്യാമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.കേരളത്തിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *