കോന്നി : കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ റാപ്പർ വേടന്റെ ഷോ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘത്തിന്റെ കമ്പുകൊണ്ടുള്ള ആക്രമണത്തിൽ വീട്ടമ്മയുടെ കൈക്കു പൊട്ടൽ.

കോന്നി പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതിൽ അഖിൽരാജ് (30), സഹോദരൻ എം.ആർ.അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ട മാത്തൂർ മലമുകളിൽ സെറ്റിൽമെന്റ് കോളനി കാഞ്ഞിരം നിൽക്കുന്നതിൽ പി.കെ.ദിപിൻ (സച്ചു–23) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

വലതു കൈക്കു പൊട്ടലേറ്റ കോന്നി മങ്ങാരം കളർനിൽക്കുന്നതിൽ റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി 10ന് മാങ്കുളത്താണ് സംഭവം. ഷോ കഴിഞ്ഞെത്തിയ സംഘം, മാങ്കുളത്തു വച്ച സ്കൂട്ടർ എടുക്കുന്നതിനിടെ നാട്ടുകാരുമായി തർക്കമുണ്ടായി. തുടർന്നു സമീപവാസിയായ സുലൈമാനെ (62) വീട്ടുവളപ്പിൽ കടന്ന് ഇവർ മർദിച്ചു.

തടസ്സം പിടിക്കാനെത്തിയ സുലൈമാന്റെ ഭാര്യ റഷീദയെ കമ്പുകൊണ്ട് അടിക്കുകയും തള്ളിയിടുകയും ചെയ്തതായാണു പരാതി. നാട്ടുകാർ മർദിച്ചെന്ന് പൊലീസുകാരൻ അടങ്ങുന്ന സംഘം പരാതി നൽകി. ഇതിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *