കോഴിക്കോട് ∙ പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. പൊലീസ് മർദനത്തിൽ പത്തോളം യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. 3 മണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും.

ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, എൻഎസ്‌യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം സത്യൻ കടിയങ്ങാട് തുടങ്ങിയവരും പരുക്കറ്റവരിൽ പെടും. കയ്യിലിരുന്ന് കണ്ണീർവാതക ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പി സി.ഹരിപ്രസാദിനു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് രാത്രിയിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ലാത്തിച്ചാർജിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഒറ്റപ്പെട്ടു പോയ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദിച്ചു.

30 വർഷത്തിനുശേഷം സികെജി കോളജ് ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്‌യു വിജയിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച പേരാമ്പ്രയിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം തുടങ്ങിയത്. തുടർന്ന് ഇന്നലെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിനിടെ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിനു പരുക്കേറ്റു. തുടർന്ന് വൈകിട്ട് എൽഡിഎഫും യുഡിഎഫും പ്രകടനം നടത്തിയതോടെ ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഏഴു തവണ കണ്ണീർവാതകം പ്രയോഗിച്ചു. രാത്രി കോഴിക്കോട്ടും കുറ്റ്യാടിയിലും നാദാപുരത്തുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി. ഷാഫിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിനു വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന പൊലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *