സുരേഷ് ഗോപിയെ തള്ളി നടനും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ ദേവൻ രംഗത്ത്. സിനിമ നടന്മാരുടെ വീടുകളിൽ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സുരേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ദേവന്റെ പ്രതികരണം. തൃശൂർ എം പിയായ സുരേഷ് ഗോപി പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്ന് ദേവൻ പറഞ്ഞു. റെയ്ഡും ശബരിമലയിലെ വിഷയവും തമ്മിൽ ബന്ധമുണ്ടെന്നെല്ലാം പറയുന്നത് വെറും നോൺസെൻസ് ആണെന്ന് ദേവൻ തുറന്നടിച്ചു. ദേവന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
നടന്മാരുടെ വീട്ടിൽ റെയ്ഡ് എന്ന് കേൾക്കുമ്പോഴേ അതിന് പിന്നാലെ മാത്രം പോകുന്നവരാണ് മാധ്യമങ്ങളെന്ന് കരുതില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശങ്ങളെ പറ്റി ചോദ്യങ്ങൾ ആരാഞ്ഞപ്പോൾ അതിലേക്ക് ഒന്നും താൻ പോകുന്നില്ലെന്നും, പറഞ്ഞത് സുരേഷ് ഗോപിയുടെ ശൈലിയായിരിക്കാം എന്ന മറുപടി മാത്രമാണ് ദേവൻ നൽകിയത്. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവൻ.
