കൊടുങ്ങല്ലൂര്‍ അഴീക്കോടില്‍ അന്യസംസ്ഥാന ബോട്ടുകൾ നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് കടലിൽ സംഘർഷം. രണ്ട് ബോട്ടുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശത്ത് ഇന്ന് പുലർച്ചെയാണ് അനധികൃത മത്സ്യബന്ധനം നടത്തിയ കർണാടക റജിസ്ട്രേഷനുള്ള ബോട്ടുകള്‍ മത്സ്യത്തൊഴിലാളികൾ പിടികൂടിയത്.
പിടിയിലായ ബോട്ടുകൾ പിന്നീട് ഫിഷറീസ് വകുപ്പിന് കൈമാറി.
പൊലീസിലും ഫിഷറീസിലും വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് പെട്രോളിംഗ് ബോട്ട് എത്തിയതെന്നാരോപിച്ച് തൊഴിലാളികൾ കരയിൽ പ്രതിഷേധമുയർത്തി. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ തീരദേശ പൊലീസ് സിഐസി രമേശും മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു.
ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. അനധികൃത മത്സ്യബന്ധനവും അതിനെ തുടർന്നുണ്ടാകുന്ന സംഘർഷവും തടയാൻ പൊലീസും ഫിഷറീസ് വകുപ്പും കടലിൽ പെട്രോളിംഗ് ശക്തമാക്കണമെന്നും അനധികൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
