കോഴിക്കോട് വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനും വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയാർ സി ഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം. കെ. അയ്യപ്പൻ,യു എ ഇ കൺവീനർ സി എ ബ്യൂട്ടി പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ അസൗകര്യം മൂലം 10 മാസം കഴിഞ്ഞിട്ടും വിമാനത്താവള ഉപദേശക സമിതി യോഗം നടന്നിട്ടില്ല. കോഴിക്കോട് വികസന കാര്യത്തിൽ കോൺക്ലെവുകളും വൻ പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എയർ
കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നില്ല. മൂന്നര കിലോമീറ്റർ ദൂരം ഉള്ള എയർപോർട്ടുമായി ദേശീയപാത ബന്ധപ്പെടുത്തിയിട്ടില്ല.കോഴിക്കോട് നിന്നും ആവശ്യത്തിന് വിമാന സർവീസ് ഇല്ലാത്തത് മൂലം നെടുമ്പാശ്ശേരി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോളിംഗ് പദവി നൽകിയിട്ടുമില്ല. 2020ലെ എയർ ഇന്ത്യ എക്സ്പ്രസ് അപകടം മൂലം കേടുപാട് പറ്റിയ ഐ. എൽ. എസ് മാറ്റി പുതിയത് സ്ഥാപിച്ചു എങ്കിലും അതിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാന സർവീസ് ആരംഭിച്ചിട്ടില്ല. റൺവേ വിപുലീകരണം അനന്തമായി നീളുന്നു. കൊളംബോയിൽ നിന്ന് 90 വിദേശ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി ഉള്ള ശ്രീലങ്കൻ എയർലൈൻസ് നേരത്തെ നിർത്തലാക്കി, ഒമാൻ എയർവെയ്സ് പിൻവലിച്ചു, രണ്ടുവർഷമായി നിർത്തലാക്കിയ ഗൾഫ് എയർ തിരിച്ചു വന്നിട്ടില്ല, ചുരുങ്ങിയ നിരക്കിൽ യാത്ര സൗകര്യമുള്ള എയർ ഏഷ്യ നിർത്തലാക്കി. മലബാറിന്റെ ടൂറിസം- ഐടി -ചികിത്സ- കാർഗോ സമസ്ത മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. കേരള സർക്കാർ, നോർക്ക, ജനപ്രതിനിധികൾ, പ്രവാസി സംഘടനകൾ യോജിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും വിമാന കമ്പനികളിലും സമ്മർദം ചെലുത്തുണമെന്നും അവർ ആവശ്യപ്പെട്ടു.
98474.12000.12.10.2026.

Leave a Reply

Your email address will not be published. Required fields are marked *