കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും വിനാശകരമായ മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോവുകയും പ്രാദേശിക ജലവൈദ്യുത പദ്ധതിക്ക് കടുത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്.

രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8:40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി കുതിച്ചുയരുകയായിരുന്നുവെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. വെറും 10 മിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടു മീറ്ററിലധികം ഉയർന്നുവെന്നും, ഗതാഗത-വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നേപ്പാൾ സൈന്യത്തെ ദുരന്തമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണവും പഠനവും നടത്തിയ സൈന്യം, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ജഗത് മേഖലയിൽ നിന്ന് ആറുപേരെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഓഗസ്റ്റിൽ നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ അതിരൂക്ഷമായ പ്രളയത്തിന് പിന്നാലെയാണ് രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി ഈ മിന്നൽ പ്രളയമുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *