ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി എംപിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും പ്രഖ്യാപിച്ചിരുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് പ്രഖ്യാപനം നടത്തിയത്.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനായ സുഖ്‌വിന്ദര്‍ 3363 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നദൗനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. 2009 മുതല്‍ പത്ത് വര്‍ഷം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ പാര്‍ട്ടിയില്‍ പലപ്പോഴും നിലപാടെടുത്ത നേതാവ് ആണ് അദ്ദേഹം. 40 വര്‍ഷമായി ഹിമാചല്‍ കോണ്‍ഗ്രസില്‍ സജീവമാണ്.
സുഖ്‌വിന്ദറിനു പുറമേ പ്രതിഭ സിംഗ്, മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി പദത്തിനായി അവകാശവാദവുമായി രംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി വിഷയം ചര്‍ച്ചചെയ്തിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യവുമായി 40 എംഎല്‍എമാര്‍ ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു.