നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2 തിങ്കളാഴ്ച

0

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും.
2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യൻ ചിത്രമാണ്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ.നിശാഗന്ധിയിൽ തിങ്കളാഴ്ച രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം.റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം.

വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നു. അയൽക്കാർ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം കണ്ട പ്രേക്ഷകരുടെ മനസിൽ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ ഹൊറർ ചിത്രം പങ്കു വയ്ക്കുന്നത് .

ഈ വർഷം ബുസാൻ മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താൻസ് സ്ലേവ്സ്,നേരത്തെ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here