മടിക്കേരി: വീട്ടുകാരറിയാതെ വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാളി വയോധികനെ ബ്ലാക് മെയില്‍ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു കര്‍ണാടക സ്വദേശികളെ കുടക് പൊലീസ് പിടികൂടി. ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ ബഷീര്‍ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം ജില്ലക്കാരനായ വിമുക്ത ഭടന്‍ ജോണ്‍ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. അവിവാഹിതനായ ജോണ്‍ മാത്യുവിന്റെ ഡ്രൈവറായി ഫൈസല്‍ സേവനമനുഷ്ഠിച്ചിരുന്നു. കുടകില്‍ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ നവംബര്‍ 26ന് ജോണിനെ ഫൈസല്‍ മടിക്കേരിയിലെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി. അബ്ദുള്‍ ബഷീര്‍, സാദിഖ്, അമീര്‍ എന്നിവരാണ് വിവാഹത്തിന് സൗകര്യമൊരുക്കാന്‍ എന്ന പേരില്‍ അവിടെയുണ്ടായിരുന്നത്. അന്ന് വൈകീട്ട് തന്നെ നാല് പ്രതികളും ചേര്‍ന്ന് ജോണിനെ ബ്ലാക്ക് മെയില്‍ ചെയ്തു

10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിവരം വീട്ടുകാരെ അറിയിക്കുമെനായിരുന്നു ഭീഷണി. തുടര്‍ന്ന് 8 ലക്ഷം രൂപയും ബാക്കി തുകയുടെ ചെക്കും നല്‍കി. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ജോണ്‍ പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ബഷീറിനെയും സാദിഖിനെയും കുടക് പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *