തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെതിരെ കടുത്ത വിമാർശനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാധ്യമ ശ്രദ്ധ തിരിക്കാനാണ്. സിപിഎമ്മിൻ്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരള സമൂഹത്തിന് മുന്നിൽ വിലപോവില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സംസ്ഥാന അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.

കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയൻറെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ.സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ കള്ള കുറ്റപത്രം സമർപ്പിച്ചത്. ലാവ്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്ത് രാഷ്ട്രീയ വിരോധം തീർക്കുകയാണ്. ബിജെപിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ടതുകൊണ്ടാണ് യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിൽക്കുന്നത്. കള്ളക്കേസിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *