പന്തീരാങ്കാവ് തിരുത്തി മ്മിൽത്താഴം വാടക വീട്ടിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ യും ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി ചെമ്മാട് വൈഷ്ണവത്തിൽ അക്ഷയ് പി.വി (30) നെ കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് എസ്.ഐ യു സനീഷിൻ്റെ നേതൃത്വത്തിലുള്ള പന്തിരാങ്കാവ് പോലീസും ചേർന്ന് പിടി കൂടി.

പന്തീരാങ്കാവ് , പാലാഴി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ട് വന്ന 17.11 ഗ്രാം എം ഡി എം.എ യും 56.72 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്.

പിടിയിലായ അക്ഷയ് ലഹരി ഉപയോഗിക്കുന്ന ആളാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനും , ആർഭാട ജീവിതം നയിക്കാൻ വേണ്ടി ബാങ്കിൽ നിന്നും ലോൺ എടുത്ത കടം വീട്ടാനുമാണ് ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപന നടത്തുന്നത്. സിറ്റിയിലെ ലോഡ്ജുകളിൽ റൂം എടുത്തും , പരിചയക്കാർ താമസിക്കുന്ന വാടക വീടുകളിൽ താമസിച്ചുമാണ് അക്ഷയുടെ ലഹരി വിൽപന . പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷം രൂപ വില വരും.
കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും, വാഹനങ്ങളിലും, സ്ക്കൂൾ , കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും ഡാൻസാഫ് സ്ക്വാഡ് നടത്തിവരികയാണെന്ന് നാർക്കോട്ടിക്ക് സെൽ ചാർജുള്ള അസി. കമ്മീഷണർ കുര്യാക്കോസ് ജെ പറഞ്ഞു.
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ്.ഐ അബ്ദുറഹ്മാൻ .കെ , അനീഷ് മുസ്സേൻവീട്, സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, . ശ്രീശാന്ത് എൻ.കെ , അഭിജിത്ത്. പി, അതുൽ ഇ.വി ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,
പന്തിരാങ്കാവ് സ്റ്റേഷനിലെ അനൂപ് ധനേഷ് , ബിജീഷ് പ്രമോദ് ,പ്രിൻസി , ബഷീർ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *