ക്ഷേത്രസ്ഥാപകനും പൂജാരിയുമായ അച്ഛന്‍ സമാധിയായെന്നും മൃതദേഹം സമാധിപീഠത്തില്‍ അടക്കിയെന്നും മക്കള്‍. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സമാധിപീഠം പൊളിച്ച് മൃതദേഹം പുറത്തെടുക്കാന്‍ പോലീസ് നീക്കം തുടങ്ങി.

ആറാലുംമൂട് ചന്തയ്ക്ക് എതിര്‍വശം കാവുവിളാകം കൈലാസനാഥ ക്ഷേത്രം സ്ഥാപകന്‍ കാവുവിളാകം സിദ്ധന്‍വീട്ടില്‍ മണിയന്‍ എന്ന ഗോപന്‍ സ്വാമി(69)യുടെ മരണത്തിലാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. ഗോപന്‍ സ്വാമി കുറച്ചുനാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍ സ്വാമി സമാധിയായെന്നുകാട്ടി മക്കള്‍ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. അപ്പോള്‍ മാത്രമാണ് ഇദ്ദേഹം മരിച്ചെന്ന വിവരം നാട്ടുകാരറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.നാട്ടുകാരായ രണ്ടുപേര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി.പ്രവീണ്‍ കുമാര്‍ കാവുവിളാകത്തെ വീട്ടിലെത്തി മക്കളായ സനന്ദന്‍, രാജസേനന്‍ എന്നിവരെ ചോദ്യംചെയ്തിരുന്നു.

സമാധിച്ചടങ്ങ് ആരും കാണരുതെന്ന് അച്ഛന്‍ നിര്‍ദേശിച്ചിട്ടുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. അയല്‍വാസിപോലുമറിയാതെ ഗോപന്‍ സ്വാമിയുടെ മൃതദേഹം മക്കള്‍ നേരത്തേ തയ്യാറാക്കിവെച്ചിരുന്ന സമാധിപീഠത്തിലിരുത്തി സ്ലാബിട്ടു മൂടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സമാധിയിടം പൊളിക്കാന്‍ അനുമതി തേടി നെയ്യാറ്റിന്‍കര പോലീസ് കളക്ടര്‍ക്ക് കത്തയച്ചു. മരണം സംബന്ധിച്ച് ഡോക്ടറുടെ സ്ഥിരീകരണം തേടിയിട്ടില്ലെന്നാണറിയുന്നത്.മരണത്തിലെ ദുരൂഹതയകറ്റാന്‍ സമാധിപീഠം പൊളിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി.പ്രവീണ്‍ കളക്ടറോട് അനുമതി തേടിയത്. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയേ കളക്ടറുടെ ഉത്തരവുണ്ടാകൂ. ഇതിനു ശേഷമേ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ സമാധിസ്ഥലം പൊളിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *