സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയടക്കം 4 പുതുമുഖങ്ങൾ.എം എസ് അരുൺകുമാർ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണ് പ്രതിഭയെ കൂടാതെ ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ .എം. സുരേന്ദ്രൻ, ജി വേണുഗോപാൽ, ജലജാ ചന്ദ്രൻ, ശിവദാസൻ എന്നിവരെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും.ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും.
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വിഭാഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.തോമസ് കെ തോമസിനെതിരെ ഉയർന്ന വിമർശനത്തിൽ അടക്കം പിണറായി വിജയൻ സമ്മേളനത്തിൽ മറുപടി പറയുകയും ചെയ്തു. സഖ്യ കക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദ അല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
നേരത്തെ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്ന് വന്നത്. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎൽഎ എന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത്. കരാറുകാരിൽ നിന്നും എംഎൽഎ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.