നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.

വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

അതേസമയം ജീവിതത്തിന്റെ 5 വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്ന് അഡ്വ. ടി ബി മിനി പ്രതികരിച്ചു . ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.

കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയായാണ് കാണുന്നത്. തന്റെ അസാന്നിധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ഒരാവശ്യവും കോടതിക്കില്ലെന്നും മിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *