പട്ന: ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് കടമ്പ കടന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍. ഇന്ന് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 129 പേരാണ് നിതീഷിനെ പിന്തുണച്ചത്. അഞ്ച് ആര്.ജെ.ഡി എം.എല്‍.എമാര്‍ കൂറുമാറി വോട്ട് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട് എന്‍.ഡി.എയ്ക്കൊപ്പം ചേര്‍ന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. 243 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണയാണു വേണ്ടത്. 128 പേരുടെ പിന്തുണ നേരത്തെ തന്നെ എന്‍.ഡി.എയ്ക്കുണ്ടെന്ന് അവകാശവാദമുണ്ടായിരുന്നു.
വിശ്വാസ വോട്ടെടുപ്പിനു മുന്‍പ് മുന്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നേരത്തെ സ്പീക്കര്‍ അവാദ് ബിഹാരി ചൗധരിക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടിനു പാസായി.