ന്യൂഡല്‍ഹി: കേരളത്തിന് രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്തു ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാനാണ് നിര്‍ദേശം. വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പാക്കേജില്‍ നാളെ വിവരം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍ ഒന്നിന് 5000 കോടി അനുവദിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപ്പോള്‍ അടുത്ത പത്തു ദിവസത്തേക്ക് പ്രത്യേക പാക്കേജ് ആയി തുക അനുവദിക്കുന്നതില്‍ തീരുമാനമെടുക്കണം. കഴിവതും ഒറ്റത്തവണ പാക്കേജായി പരിഗണിക്കണം. ഇക്കാര്യത്തില്‍ നാളെ രാവിലെ 10.30 ന് മറുപടി അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കുന്നതില്‍ തെറ്റ് എന്താണ്. അടുത്ത സാമ്പത്തിക വര്‍ഷം വേണമെങ്കില്‍ കടുത്ത വ്യവസ്ഥകള്‍ വെച്ചുകൊള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 19,531 കോടി ചോദിച്ചപ്പോല്‍ നല്‍കാനാവില്ലെന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *