ഇന്നലെ സർവീസ് തുടങ്ങിയ സംസ്ഥന സർക്കാരിന്റെ പുതിയ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ അശോക് ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു.
ഇന്നലെ വൈകുന്നേരമാണ് കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.
സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്. കെ എസ് ആർ ടി സി യെ നവീകരിക്കാനുള്ള സർക്കാരിന്‍റെ ഏറ്റവും പുതിയ സംരംഭമാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡ്.