വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന സ്ഥലമായ പെരിന്തല്‍മണ്ണയിലെ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. സമസ്തയുടെ മുതിര്‍ന്ന നേതാവ് എംടി അബ്ദുള്ള മുസ്ലിയാരായിരുന്നു വേദിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ച വ്യക്തിയെ ആക്ഷേപിച്ച് സംസാരിച്ചത്. ‘പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പൊതുവേദിയില്‍ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത് മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’ എന്നായിരുന്നു എംടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *