പാലക്കാട് നെന്മാറയിൽ യുവതിയെ പത്തു വർഷമായി മുറിയിൽ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. നെന്മാറ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ അംഗം ഷിജി ശിവജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

സജിത അയൽവാസിയായ റഹ്‌മാനോടൊപ്പം ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്. ആർത്തവകാലത്തുൾപ്പെടെ പ്രാഥമികാവശ്യങ്ങൾ യഥാസമയം നിറവേറ്റാനാകാതെ കഴിയാൻ നിർബന്ധിതയാക്കിയത് കടുത്ത മനുഷ്യാവകാശലംഘനവുമാണ്.

പുരുഷന്റെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ അടിമയാക്കപ്പെട്ട ഈ സ്ത്രീയുടെ ഗതികേടിനെ കാമുകി, കാമുകൻ, പ്രണയം എന്നീ പദങ്ങളിലൂടെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷൻ വിലയിരുത്തി.അതേസമയം റഹ്‌മാൻ പറയുന്നത് പച്ചക്കള്ളമാണെന്ന് മാതാപിതാക്കൾ പറഞ്ഞു. സജിതയെ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടില്ലെന്നും മകൻ ഇഷ്ടം അറിയിച്ചിരുന്നുവെങ്കിൽ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും റഹ്‌മാന്റെ മാതാപിതാക്കളായ മുഹമ്മദ് കനിയും ആത്തിക്കയും. റഹ്‌മാൻ ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണെന്നാണ് ഇവർ പറയുന്നത്. സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചതെന്നു പറയുന്ന ജനലിന്റെ അഴികൾ അടുത്തകാലം വരെയുണ്ടായിരുന്നതായും ചിതലരിച്ചു പോയിട്ടില്ലെന്നും ഇവർ പറയുന്നു.
സജിത ശുചിമുറിയിലേക്ക് പോകാന്‍ പുറത്തിറങ്ങാറുണ്ടെന്ന് റഹ്മാന്‍ പറഞ്ഞ ജനലിന്റെ അഴികള്‍ മൂന്ന് മാസം മുമ്പാണ് മുറിച്ചുമാറ്റിയത്. അതിന് മുമ്പ് അതിലൂടെ ഒരാള്‍ക്ക് പോകാന്‍ സാധിക്കില്ല. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചത്. ആ മുറിയില്‍ വേറെയാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് വീടിന്റെ മേല്‍ക്കൂര പുതുക്കി പണിഞ്ഞത്. അന്ന് എല്ലാവരും ആ മുറിയില്‍ കയറിയിരുന്നു. ഒരുകട്ടില്‍പോലും മുറിക്കകത്ത് ഇല്ല. ചെറിയ ടീ പോയ് മാത്രമാണ് ഉണ്ടായിരുന്നത്. സജിതയെ റഹ്മാന്‍ മറ്റെവിടെയോ ആണ് ഒളിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *