കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായി കുട്ടി ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള പിതാവ് എത്തുന്ന സമയം അനുസരിച്ച് സംസ്കരിക്കും. എടക്കാട് മണപ്പുറം ജുമാ മസ്ജിദിലാണ് സംസ്കാരം.ഞായറാഴ്ച വൈകിട്ടാണു തെരുവുനായയുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്.

കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് തെരുവുനായയുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *