വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം ആണെന്നും അത് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സ്ഥാപനങ്ങളിലും കുട്ടികള്‍ ജോലി ചെയ്യുന്നില്ല എന്ന ബോര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് മന്ത്രി അറിയിച്ചു.
ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍ സ്‌കൂളിനൊപ്പം എയ്ഡഡ് മേഖലയിലും അധിക ബാച്ചിന് അനുമതി നല്‍കും. താല്‍ക്കാലിക ബാച്ചുകളാണ് അധികം അനുവദിക്കുക. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്നത് അനാവശ്യ വിവാദമാണെന്നും മറ്റ് ജില്ലകളില്‍ ഒഴിഞ്ഞ് കിടക്കുന്ന 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ സീറ്റ് പ്രവേശനത്തില്‍ അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാവുമെന്നും ഇതിനായി സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
