ന്യൂഡല്‍ഹി:ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടക്കും. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഒഡിഷ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജിയും ഇന്ന് അധികാരമേല്‍ക്കും. ഇന്ന് 11. 27 ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കില്‍ വച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.തെരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യം വന്‍ വിജയമാണ് നേടിയത്. ആദ്യമായി 1995ലാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന അദ്ദേഹം 2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സംസ്ഥാനം വിഭജിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2019ല്‍ വൈഎസ് ജഗന്‍മോഹനോട് ദയനീയമായി പരാജയപ്പെട്ടു. ഇത്തവണ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച ടിഡിപിക്ക് സംസ്ഥാനത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാനായി. മൂന്നാം മോദി സര്‍ക്കാരിന്റെ ഭാഗമാകുകയും ചെയ്തു.

ഇന്ന് വൈകീട്ടാണ് മോഹന്‍ ചരണ്‍ മാജി ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മോഹന്‍ ചരണ്‍ മാജിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ഭുവനേശ്വറില്‍ ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ്് മോഹന്‍ ചരണ്‍ മാജിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *