കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തെന്ന കേസിൽ പ്രമുഖ യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസാണ് ഇയാളെ എറണാകുളത്തുനിന്ന് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

തനിക്കെതിരെ മോശം പരാമർശങ്ങളോടെയും അവിഹിത കഥകൾ ചമച്ചും യൂട്യൂബിലൂടെ നിരന്തരം വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ രാജൻ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ അതിന് തയ്യാറാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം രാത്രിയോടെ എറണാകുളത്ത് വെച്ച് അടൂർ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് അടൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കും. മറ്റ് ചില പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.

പ്രതിയെ പോലീസ് ലോക്കപ്പിൽ ചെന്ന് നേരിൽ കണ്ടതായി ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. “എന്നെ അറസ്റ്റു ചെയ്യൂ” എന്ന് നിരന്തരം വെല്ലുവിളിച്ചിരുന്ന രാജനെ പോലീസ് കൃത്യമായി പൊക്കിയെന്നും, രാത്രി സ്റ്റേഷനിലെത്തി ഇയാളെ നേരിൽ കണ്ടതായും അവർ കുറിച്ചു. “അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടിയ യൂട്യൂബ് മാലിന്യം അറസ്റ്റിലായിരിക്കുന്നു” എന്ന് കുറിച്ച അവർ, പത്തനംതിട്ട ബോർഡർ കടന്നാൽ ഇയാൾക്കുള്ള സുഖകരമായ അക്കമഡേഷൻ തങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *