ബെം​ഗളൂരു: ഗായിക എസ്. ജാനകിയുടെ സംസ്കാര ചടങ്ങുകൾ മൈസൂരുവിലെ ഫാം ഹൗസിൽ പൂർത്തിയായി. പൂർണ ഔദ്യോ​ഗിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. പ്രിയ ​ഗായികയെ അവസാന നോക്ക് കാണാൻ ആയിരങ്ങളാണ് പൊതുദർശനത്തിനെത്തിയത്. സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് ജാനികിയമ്മയുടെ വിയോ​ഗത്തിലൂടെ ഉണ്ടായതെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുസ്മരിച്ചു. മോഹൻലാൽ, കെ. എസ്. ചിത്ര, സുജാത, വി.ഡി. സതീശൻ തുടങ്ങി പ്രമുഖരും ജാനികിയമ്മയെ അനുസ്മരിച്ചു.

കഴിഞ്ഞ ദിവസമാണ് വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌.

1938ൽ ഏപ്രിൽ 23ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *