തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവികള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവികള്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഫ്രോളജി വകുപ്പ് മേധാവി ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ല. ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദ്ദേശം നല്‍കുന്നതില്‍ ഉള്‍പ്പെടെ വീഴ്ച സംഭവിച്ചെന്നും വൃക്കയെത്താന്‍ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അവയവകൈമാറ്റ ഏജന്‍സിക്കും ഏകോപനത്തില്‍ വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് നെഫ്രോളജി വിഭാഗം മേധാവിക്കെതിരേയും ട്രാന്‍സ്പ്ലാന്റിങ് ഏജന്‍സിയുടെ രണ്ട് ജീവനക്കാര്‍ക്കെതിരേയും അച്ചടക്ക നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാല് മണിക്കൂറോളമാണ് ശസ്ത്രക്രിയ വൈകിയത്. എന്നാല്‍ രോഗിയുടെ മരണത്തിന് കാരണമായത് ഈ കാലതാമസമാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ആശാതോമസ് ചൂണ്ടിക്കാട്ടുന്നു. ഏകോപനത്തിന്റെ പിഴവിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ആംബുലന്‍സ് ജീവനക്കാര്‍ അവയവം എത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇത് അനുമതിയില്ലാതെയുള്ള വിട്ടു നില്‍ക്കലായാണ് കണ്ടെത്തല്‍. സംഭവം പുറത്ത് വന്നതോടെ നെഫ്രോളജി, യൂറോളജി വിഭാഗം മേധാവിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ രണ്ടുപേരെയും തിരിച്ചെടുത്തു. എന്നാല്‍ നെഫ്രോളജി വിഭാഗം മേധാവിക്കെതിരെ ഗുരുതരമായ അച്ചടക്ക ലംഘനം ഉള്ളതുകൊണ്ട് അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *