അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആലുവ ഭാഗത്തു നിന്നു ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നില്‍ക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.

അഗ്‌നി രക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ ബി.എസ്.സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകളാണ് അനു. അമ്മ: സിന്ധു. സഹോദരന്‍: എല്‍ദോ സാജന്‍.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നാണ് സമീപത്തെ കോളേജുകളിലേക്ക് പോകുന്നത്. കുറച്ച് നാള്‍ മുന്‍പ് പ്രദേശത്ത് ഒരു വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *