കുന്ദമംഗലം : കക്ഷി രാഷ്ട്രീയ-മത ചിന്തകള്‍ക്കതീതമായി വ്യാപാരി സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പി.കെ. ബാപ്പു ഹാജി എന്ന കുന്ദമംഗലത്തുകാരുടെ ബാപ്പുക്ക ഇനി വ്യാപാര സംഘടനയുടെ തലപ്പത്ത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റായും സംസ്ഥാന ഉപാധ്യക്ഷനുമായാണ് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. 1975ല്‍ പിതാവിന്റെ കൂടെ കട നടത്തിയാണ് കച്ചവട രംഗത്തേക്ക് വരുന്നത്. പി.കെ. ക്ലോത്ത് മാര്‍ട്ട് എന്ന തുണിക്കട കുന്ദമംഗലത്ത് 1938ലാണ് പിതാവ് ആരംഭിക്കുന്നത്. ബാപ്പു ഹാജി കോളേജ് പഠന കാലത്ത് തന്നെ പഠനം പൂര്‍ത്തിയാക്കാതെ പിതാവിന്റെ കൂടെ കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. 1982ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂനിറ്റ് കുന്ദമംഗലത്ത് ആരംഭിച്ചപ്പോള്‍ കമ്മിറ്റി അംഗമായിട്ടായിരുന്നു സംഘടനയിലേക്ക് കടന്നു വന്നത്. 1987 മുതല്‍ യൂനിറ്റ് ഭാരവാഹിയും 2005 മുതല്‍ 2017 വരെ യൂനിറ്റ് പ്രസിഡന്റുമായിരുന്നു. വ്യാപാര മേഖലയില്‍ കച്ചവടകാര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുകയും കുന്ദമംഗലം യൂനിറ്റിനെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. 2005 മുതല്‍ ജില്ല കമ്മിറ്റി അംഗവുമായിരുന്ന ബാപ്പു ഹാജി മണ്ഡലം കമ്മിറ്റി എന്ന ഘടന വന്ന 2007ല്‍ കുന്ദമംഗലം മണ്ഡലം പ്രഡിഡന്റുമായിരുന്നു. തുടര്‍ന്ന് 2009ല്‍ ജില്ല സെക്രട്ടറിയും പിന്നീട് ജില്ലയുടെ മറ്റ് ഭാരവാഹിത്വവും വഹിച്ചു. 2022ല്‍ സംസ്ഥാന സെക്രട്ടറിയായി. ഇപ്പോള്‍ ജില്ല പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായി. ഘട്ടംഘട്ടമായി 42 വര്‍ഷം കൊണ്ടാണ് സംസ്ഥാന ഉപാധ്യക്ഷ പദവിയില്‍ എത്തുന്നത്. നിലവില്‍ സംസ്ഥാന വ്യാപാര പഠന കേന്ദ്രത്തിന്റെ കണ്‍വീനറാണ് ബാപ്പു ഹാജി. വ്യാപാരികളെ പുതിയ നിയമങ്ങളും മറ്റും പഠിപ്പിക്കുന്നതിന് വേണ്ടിയും ആധുനിക വ്യാപാര മേഖലയില്‍ കച്ചവടം ചെയ്യുന്നതിന് വേണ്ടി കച്ചവടക്കാരെ ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് പഠന കേന്ദ്രത്തിന് പ്രധാന ലക്ഷ്യം. സംഘടനയുടെ സ്ഥാപക നേതാവായിരുന്ന ടി. നസിറുദ്ദീനുമായി വളരെ അടുത്ത ആത്മ ബന്ധം ഉണ്ടായിരുന്നയാളാണ് ബാപ്പു ഹാജി. ഇടക്കാലത്ത് വിദേശത്തും വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

വ്യാപാര മേഖലയില്‍ എന്നതിലുപരി സാമൂഹിക-സാംസ്‌കാരിക മേഖലയിലും സജീവ സാന്നിധ്യമാണ് ബാപ്പു ഹാജി. ഹജ്ജ് കമ്മിറ്റിയുടെ സംസ്ഥാന ട്രെയിനിങ് ഓര്‍ഗനൈസര്‍, വോളിബാള്‍ അസോസിയേഷന്‍ ജില്ല പ്രസിഡന്റ്, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന് സ്വന്തമായി സിന്ദൂര്‍ കുന്ദമംഗലം എന്ന പേരില്‍ വോളിബാള്‍ ടീമുണ്ട്. നിരവധി തവണ ജില്ല ചാമ്പ്യന്‍മാരും മറ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ ടീമില്‍ ദേശീയ-സംസ്ഥാന താരങ്ങള്‍ കളിച്ചിട്ടുമുണ്ട്. കോഴിക്കോട് നടന്ന 66ആമത് ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സംഘാടകനും നിരവധി തവണ സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘടകനായും പ്രവര്‍ത്തിച്ചു. കുന്ദമംഗലത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബാള്‍ ക്ലബ് ആയ സാന്റോസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. കേരളത്തിലെ തന്നെ പ്രമുഖ വോളിബാള്‍ ക്ലബ് ആയ പാറ്റേണ്‍ കാരന്തൂരിന്റെ സ്ഥാപകാംഗവും നിലവില്‍ രക്ഷാധികാരിയുമാണ്.

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തിന് സംസ്ഥാന കമ്മിറ്റി സമഗ്ര പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ബാപ്പു ഹാജി പറഞ്ഞു. ഓരോ ജില്ലയില്‍ നിന്നും രണ്ട് കോടി രൂപ സമാഹരിച്ച് വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പുനര്‍ നിര്‍മാണവും വ്യാപാരികളുടെ പുനരധിവാസവും അടങ്ങുന്ന സമഗ്രമായ പാക്കേജാണ് സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തത്. സംഘടനയുടെ കൈവശമുള്ള മൂന്ന് ഏക്കര്‍ ഭൂമി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാരിന് കൈമാറുമെന്നും വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിലും സംഘടനയുടെ സഹായ ഹസ്തമുണ്ടാവുമെന്നും പി.കെ. ബാപ്പു ഹാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *