ദില്ലി: ലോക്‌സഭയില്‍ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ജെപിസിക്ക് വിട്ടു പ്രമേയം അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ എതിര്‍ത്ത് കെസി വേണുഗോപാല്‍ എംപി രംഗത്തെത്തി. എഫ്‌സിആര്‍എ ഭേദഗതി ബില്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയില്‍ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് ക്രിസ്ത്യന്‍ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആര്‍എസ്എസ് അടക്കം വിദേശസംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും എംപി വമര്‍ശിച്ചു.
പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജും രംഗത്തെത്തി. ഇത്രയും ദിവസം ജെപിസിക്ക് വിടനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് റിജിജു പറഞ്ഞു. ഇതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കിരണ്‍ റിജിജു പറഞ്ഞു. ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്നും റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കര്‍ പ്രമേയം പാസാക്കി. ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. പ്രതിഷേധം ശക്തമായതോടെ 3 മണിവരെ ലോക്സഭ നിര്‍ത്തിവച്ചു.
