കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അട്ടപ്പാടിയിലേക്ക്. ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് സർക്കാർ ക്ഷണിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം. സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ രാജ്ഭവൻ അതൃപ്‌തി അറിയിച്ചു.
സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം.അതേസമയം ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഞായറാഴ്ച വൈകീട്ട് ഗവർണർ അട്ടപ്പാടിയിലേക്ക് പുറപ്പെട്ടു. 18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തു.
ലോകായുക്ത നിയമഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല. നിയമവകുപ്പിന്റെ പരിഗണനയിലുള്ള ഈ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫീസുകൂടി കണ്ടശേഷമാകും ഗവർണർക്ക് കൈമാറുക.