പത്തനംതിട്ട: പന്തളത്ത് ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോകുന്നത് തടയാനായി തെങ്ങിൻമുകളിൽ കയറി മണിക്കൂറുകളോളം ഇറങ്ങാതെ ഇരിപ്പുറപ്പിച്ച് യുവാവ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണനാണ് 80 അടി ഉയരമുളള തെങ്ങിൽ 12 മണിക്കൂറോളം നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇരിപ്പുറപ്പിച്ചത്.

മദ്യപാനിയായ യുവാവനെ ലഹരിമുക്തകേന്ദ്രത്തിൽ കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ തീരുമാനത്തിൽ ഒട്ടും താൽപ്പര്യമില്ലാതിരുന്ന യുവാവ് വീട്ടുമുറ്റത്ത് ആംബുലൻസ് എത്തിയതോടെ അയൽവാസിയുടെ തെങ്ങിൽ കയറുകയായിരുന്നു. പിന്നീട് യുവാവ് തെങ്ങിൽനിന്നും താഴെയിറങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിനേയും ഫയർഫോഫ്‌സിനേയും വിവരമറിയിച്ചു. അടൂർ പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയത്.

40 അടി ഉയരമുളള ഏണി ഉപയോഗിച്ചും തെങ്ങിനുചുറ്റും വലകെട്ടുകയും യുവാവിനെ താഴെയിറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇയാൾ ഇറങ്ങാൻ തയ്യാറായിരുന്നില്ല. പിന്നീട് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചെന്നമട്ടിൽ ലൈറ്റുകൾ ഓഫാക്കിയപ്പോൾ താഴെയിറങ്ങാൻ ശ്രമിച്ച യുവാവിനെ ഫയർഫോഴ്‌സ് ഇടപെട്ട് താഴെയെത്തിക്കുകയായിരുന്നു. രാത്രി 12.45 ഓടുകൂടിയാണ് യുവാവിനെ തെങ്ങിൽനിന്ന് താഴെയിറക്കിയത്. ഇതിനുമുമ്പും യുവാവ് ഇത്തരത്തിൽ തെങ്ങിൽ കയറി ഇരുന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *