കൊല്ലം: പുനലൂരിൽ എൻ.എസ്.എസ് പത്മാ കഫേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. താൻ മുന്നിൽ നിന്ന് നേതൃത്വം നൽകി സജ്ജമാക്കിയ കഫെയുടെ കാര്യത്തിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാധ്യമങ്ങളിലൂടെയാണ് പത്മാ കഫേയുടെ ഉദ്ഘാടന വിവരം അറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. പദ്ധതി പൂർത്തിയായതിൽ അഭിമാനമുണ്ടെന്നും ചടങ്ങിന് ആശംസകൾ നേരുന്നുവെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് പത്മാ കഫേയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

പത്മാ കഫേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് ഗണേഷ് കുമാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്നുണ്ടായ തർക്കങ്ങളും ഭരണസമിതി അംഗങ്ങളുടെ കൂട്ടരാജിയുമാണ് ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇതോടെയാണ് ഗണേഷ് കുമാറും എൻ.എസ്.എസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായത്. അതിനിടെ, പത്മാ കഫേ യാഥാർത്ഥ്യമാക്കിയത് ഗണേഷ് കുമാറാണെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *