നടൻ നെടുമുടി വേണുവിന് യാത്രാമൊഴി നൽകി കേരളം.ഉച്ചക്ക് 2 മണിയോടെ പ്രിയ നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ ചലചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പത്ത് മുതല്‍ അയ്യങ്കാളി ഹാളില്‍ മൃദദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാല്‍, ടി.പി.മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സമുദായ–സാംസ്കാരിക നേതാക്കൾ, നാടക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീട്ടിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലർച്ചെ ഒന്നരയോടെ നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *