
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സി പി എം ജില്ലാ കമ്മിറ്റി. സ്‌പോട്ട് ബുക്കിങ് അനുവദിച്ചില്ലെങ്കില്‍ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിച്ചു.
ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധിച്ചേക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സൂചന നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ആലോചിച്ച് വരികയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
