കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസ്, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കും.

ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ റമീസിന് പുറമെ റമീസിന്റെ മാതാവും പിതാവും പ്രതികളാണ്. കേസില്‍ നേരത്തെ റമീസും മാതാപിതാക്കളും റമീസിന്റെ സുഹൃത്തായ സഹദും അറസ്റ്റിലായിരുന്നു.

കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് റമീസിന്റെ സുഹൃത്ത് സഹദിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമം നടന്നു എന്നതില്‍ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല എന്നാണ് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *