ന്യൂ ഡൽഹി: പൊലീസിനെയും കേന്ദ്ര സായുധസേനകളെയും നിരത്തി ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽക്കുമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ശനിയാഴ്ച ജന്തർ മന്തറിലേക്ക് യുവജനങ്ങളും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ ഭരണകൂടം ക്രൂരമായ മർദ്ദനമുറകളാണ് അഴിച്ചുവിട്ടതെന്ന് അദ്ദേഹം ശക്തമായി വിമർശിച്ചു. തുടർന്ന് ഞായറാഴ്ച (ഒക്ടോബർ 11) കൊണാട്ട് പ്ലേസിലും ആർ.കെ. ആശ്രമിലും നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ടാണ് പൊലീസും സി.ആർ.പി.എഫും ചേർന്ന് അടിച്ചമർത്താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരമുഖത്ത് യുവജനങ്ങളെ പൊലീസ് ചവിട്ടിമെതിക്കുന്നതിനെ ചോദ്യം ചെയ്ത എം.പി. ജോൺ ബ്രിട്ടാസിനെ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ സംഭവത്തെയും എം.എ. ബേബി അപലപിച്ചു. മോദി സർക്കാരിന്റെ നിരന്തര വിമർശകനായ ഒരു പാർലമെന്റ് അംഗത്തോട് മോദിയും അമിത് ഷായും ചട്ടംകെട്ടിയ ഗുണ്ടകളെപ്പോലെയാണ് പൊലീസ് പെരുമാറിയത്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നിഷ്ഠുരമായ അടിച്ചമർത്തലുകളിലൂടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ജനങ്ങളെ ഭയപ്പെടുത്തി അകറ്റാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

എന്നാൽ ദിവസം കഴിയുന്തോറും കൂടുതൽ ശക്തമാകുന്ന ജനകീയ പ്രതിഷേധങ്ങൾ സർക്കാരിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ ജനകീയ മുന്നേറ്റത്തിൽ ഗ്യാനേഷ് കുമാർ മാത്രമല്ല നരേന്ദ്ര മോദിയും അമിത് ഷായും ഒലിച്ചുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *